Thursday, November 13, 2008

SHORE OF SELF BOOSTING

ജോണിന്റെ നായകന്‍

ബൈജു പി. സെന്‍

''ഓരോന്നും അതായിത്തീരാന്‍ അതിന്റേതായ കാരണങ്ങളുണ്ട്‌''
(നാടകം-സങ്കടല്‍)
രചന-ജോയ്‌ മാത്യു.
സത്യം... ഇതാണ്‌ ... ആയതല്ല... എല്ലാം... ആയിത്തീര്‍ന്നതാണ്‌...
(അതോ ആക്കി മാറ്റിയതോ?)
തല്‍ക്കാലം, സൗകര്യപ്രദമായ ഉത്തരം ആദ്യത്തേത്‌
തന്നെ. കലാകാരന്റെ ആത്മഗതം ഏറെ ഈ അഭിപ്രായത്തിലാണ്‌ ഉള്ളത്‌...
ഒരു കാലഘട്ടത്തിന്റെ ചര്‍ച്ചയുടെ വിത്ത്‌ പാകിയ ചിത്രം -ജോണ്‍ എബ്രഹാമിന്റെ 'അമ്മ അറിയാന്‍' ചിത്രത്തോടൊപ്പം ഓര്‍ത്തിരിക്കേണ്ട ഒരു പേരുണ്ട്‌. ജോയ്‌ മാത്യു. ചിത്രത്തിലെ നായകന്‍. നായകനപ്പുറം കഥാവസ്ഥ പ്രേക്ഷകരിലേക്ക്‌ കടന്നു കയറിയതോ-അതോ കഥാപാത്രത്തിലേക്ക്‌ നടന്‍ അലിഞ്ഞു ചേര്‍ന്നതോ എന്തോ... ആ ചിത്രത്തിനു ശേഷം ആ നടനെ നമ്മള്‍ വെള്ളിത്തിരയില്‍ കണ്ടില്ല.
അരങ്ങിലും അണിയറയിലും... ഒളിഞ്ഞും തെളിഞ്ഞും ആ കലാകാരന്റെ സാന്നിധ്യം വന്നു പോയ്‌ക്കൊണ്ടിരുന്നു. നടനായ്‌, നാടകകൃത്തായി, തിരക്കഥാകൃത്തായി, നിര്‍മ്മാതാവായി, പുസ്‌തക പ്രസാധകനായി അങ്ങനെ... ആ വെള്ളി നക്ഷത്രത്തിന്റെ വിശേഷങ്ങളിലേക്കാണ്‌ ഈ ലക്കം സിനിമ പ്ലസ്‌ ശ്രദ്ധ തിരിക്കുന്നത്‌.

ജോയ്‌ മാത്യു എന്ന 'നടന്‍' ജനിക്കുന്നത്‌ ഏത്‌ അന്തരീക്ഷത്തിലാണ്‌...?

അടിയന്തരാവസ്ഥയുടെ മുറിവ്‌ ഉണങ്ങാത്ത കാമ്പസ്സിലാണ്‌ ഞാന്‍ പഠിച്ചിരുന്നത്‌. യൗവനത്തില്‍ പ്രതികരണത്തിന്റെ, പ്രതിഷേധത്തിന്റെ തിരയിളക്കമുള്ള കാലം. കാമ്പസില്‍ പിറവിയെടുക്കുന്ന കഥയിലും കവിതയിലും നാടകങ്ങളിലും രോഷത്തിന്റെ ശക്തി ആവാഹിച്ചിരുന്നു. ഞാന്‍ തിരഞ്ഞെടുത്തത്‌ നാടകമായിരുന്നു. അസംതൃപ്‌തരായ തലമുറയുടെ വികാരം... ഭരണവര്‍ഗത്തോടുള്ള അമര്‍ഷം... നാടകങ്ങളില്‍ പ്രേക്ഷക സമക്ഷത്തില്‍ അത്‌ പുനര്‍ജനിച്ചപ്പോള്‍ പ്രേക്ഷകര്‍ ആവേശത്തോടെ ഏറ്റുവാങ്ങി. അത്‌ വലിയൊരു പ്രചോദനമായി. കാമ്പസ്സില്‍ നിരവധി നാടകങ്ങളില്‍ അഭിനയിച്ചു. കുറെയൊക്കെ എഴുതി.
പോലീസിന്റെയും, ഭരണാധിപന്മാരുടെ നോട്ടപ്പുള്ളിയായ കലാകാരന്മാരുടെ കൂട്ടുകെട്ട്‌... സാമൂഹികജീവിതം നാടക വിഷയമായി പകര്‍ത്തിയപ്പോള്‍ കുടുംബജീവിതം താളം തെറ്റി. കല്ല്യാണം കഴിക്കാന്‍ പെണ്ണുപോലും കിട്ടില്ല എന്ന സ്ഥിതിയായി... (എന്നാലും പിന്നീട്‌ പെണ്ണ്‌ കിട്ടി-കെട്ടി)
കോഴിക്കോടന്‍ നാടക പ്രവര്‍ത്തകരില്‍ മധു മാസ്റ്ററായിരുന്നു ഗുരുവും വഴികാട്ടിയും. 'അമ്മ', 'സ്‌പാര്‍ട്ടക്കസ്‌' തുടങ്ങിയ നാടകങ്ങളുമായി കേരളം ചുറ്റിക്കറങ്ങി...

എവിടെ വെച്ചാണ്‌ ജോണ്‍ എബ്രഹാമുമായി പരിചയപ്പെടുന്നത്‌...?

ഒരു ബസ്സ്‌ യാത്രക്കിടയിലാണ്‌ ഞാന്‍ ജോണ്‍ എബ്രഹാമിനെ കണ്ടുമുട്ടുന്നത്‌... മധു മാസ്റ്റര്‍ എന്നെ പരിചയപ്പെടുത്തി.
പിന്നീടൊരിക്കല്‍ കോഴിക്കോട്ടെ ഒരു കള്ളുഷാപ്പില്‍ വെച്ച്‌ വീണ്ടും കണ്ടുമുട്ടി. നാടകത്തെക്കുറിച്ചും സിനിമയെക്കുറിച്ചും സംസാരിക്കുന്നതിനിടയില്‍ എന്റെ അടുത്ത ചിത്രത്തിലെ 'നായകന്‍ നീയാണെന്ന്‌' ജോണ്‍ എബ്രഹാം പറഞ്ഞു... പലരോടും പലപ്പോഴുമായി ജോണ്‍ ഇങ്ങനെ പറഞ്ഞിട്ടുള്ളത്‌ അറിയുന്നത്‌കൊണ്ട്‌ ആ പ്രഖ്യാപനം കാര്യമാക്കിയില്ല. ഒടുവില്‍ ആ സത്യം സംഭവിച്ചു. 'അമ്മ' നാടകത്തില്‍ നിന്ന്‌-ജോയ്‌ മാത്യു എന്ന ഞാന്‍ 'അമ്മ അറിയാനി'ലെ നായകനായി മാറി.

ജോണ്‍ എബ്രഹാമിന്റെ ഷൂട്ടിംഗ്‌ വിശേഷങ്ങളും വേറിട്ട അനുഭവമായിരിക്കുമല്ലോ...?

അതെ, കേരളത്തിലെ അറിയപ്പെടുന്ന സിനിമാതാരങ്ങള്‍ക്കപ്പുറത്ത്‌ ഞാന്‍, നിലമ്പൂര്‍ ബാലേട്ടന്‍, ക്യാമറമാന്‍ വേണു, എഡിറ്റര്‍ ബീന തുടങ്ങിയ കലാ സ്‌നേഹികളുടെ കൂട്ടായ്‌മയായിരുന്നു അത്‌. പ്രത്യേക ലൊക്കേഷനുകളില്ല... കന്യാകുമാരി മുതല്‍ കാസര്‍കോടുവരെ സഞ്ചരിയ്‌ക്കുന്ന ഷൂട്ടിംഗ്‌... സഞ്ചരിക്കാന്‍ മിനി വാനുകളും ചിലപ്പോള്‍ ബസ്സും ട്രെയിനും. ഓരോ സ്ഥലങ്ങളിലും താമസിക്കാന്‍ വലിയ ഹോട്ടലുകള്‍ ഇല്ല. നടന്മാര്‍ക്ക്‌ താമസിക്കാന്‍ സുഹൃത്തുക്കളുടെ വീടുകള്‍...
ജോണിനാണെങ്കില്‍ ഷൂട്ടിംഗ്‌ നടക്കുന്ന നാട്ടിലെ മദ്യഷാപ്പ്‌ തന്നെ ധാരാളം... ഷൂട്ടിംഗ്‌ സമയത്തിനു പോലും വ്യവസ്ഥയില്ല... എപ്പോഴും ഏത്‌ നിമിഷവും ഷൂട്ട്‌ ചെയ്‌തിരുന്നു. ക്ലൈമാക്‌സില്‍ നിന്ന്‌ തുടക്കത്തിലേക്കാണ്‌ ജോണ്‍ ഷൂട്ട്‌ ചെയ്‌തിരുന്നത്‌. ജോണിന്റെ സ്വന്തം ജുബ്ബയായിരുന്നു ഷൂട്ടിംഗ്‌ തീരുന്നതുവരെ എനിയ്‌ക്ക്‌ കിട്ടിയ ഇീേൌാല. അത്‌ നന്നായി അലക്കാന്‍ പോലും സമയം കിട്ടിയിരുന്നില്ല എന്നതാണ്‌ സത്യം.
സിനിമയുടെ വ്യവസ്ഥയെ തകിടം മറിച്ച നിര്‍മ്മാണവും വിതരണവുമാണ്‌ ആ ചിത്രം സ്വീകരിച്ചിരുന്നത്‌. തിയേറ്ററുകള്‍ വിട്ട്‌ ഗ്രാമസദസ്സുകളില്‍ ചിത്രം ഞങ്ങള്‍ നേരിട്ടെത്തിച്ചു. ചിത്രം ഉണര്‍ത്തിവിട്ട ചര്‍ച്ചകള്‍ ഞങ്ങളുടെ പ്രവര്‍ത്തനങ്ങളെ ത്വരിതപ്പെടുത്തി.
ജോണിന്റെ ഈ നടന്‌, എന്തുകൊണ്ട്‌ പിന്നിട്ട കാലത്ത്‌ ഇന്റസ്‌ട്രിയില്‍ നടനായി അതിജീവിക്കാന്‍ കഴിഞ്ഞില്ല? സമകാലിക സിനിമാ വ്യവസ്ഥയില്‍ അല്ല ഞാന്‍ അമ്മ അറിയാനില്‍ നായകനാകുന്നത്‌... അതിനോട്‌ പൊരുത്തപ്പെട്ട്‌ പോകാന്‍ അന്നെനിയ്‌ക്ക്‌ കഴിയുമായിരുന്നില്ല. കാരണം അവസരത്തിന്‌ വേണ്ടി സിനിമക്കാരന്റെ വാതില്‍ മുട്ടാനും കാത്ത്‌കെട്ടിക്കിടക്കാനും ഉള്ള മാനസികാവസ്ഥ എനിക്കുണ്ടായിരുന്നില്ല. അതുകൊണ്ട്‌ ഞാന്‍ മറ്റ്‌ മാര്‍ഗ്ഗത്തിലേക്ക്‌ തിരിഞ്ഞു.
ആശകളും അഭിലാഷങ്ങളും രോഷങ്ങളും എന്റെ മനസ്സിലെ കഥാപാത്രങ്ങളായി. അവര്‍ മനസ്സില്‍ തീര്‍ത്ത സംഘട്ടനങ്ങള്‍ നാടകങ്ങളായി മാറി... ശിശു, മധ്യധരണ്യാഴി... അങ്ങനെ ചെറുതും വലുതുമായ ഒട്ടേറെ നാടകങ്ങള്‍ പിറന്നു.
ജോണ്‍ കൂട്ടുകെട്ടിന്റെ സ്വാധീനം ജീവിതത്തില്‍ ഏതെങ്കിലും തരത്തില്‍ ബാധിച്ചിട്ടുണ്ടോ...?
ജോണ്‍ എബ്രഹാം എനിക്കൊരിക്കലും മാതൃകാപുരുഷനായി തോന്നിയിട്ടില്ല. ജോണിന്റെ കൂടെ അഭിനയിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്‌തവരില്‍ പലരും ആ മായികവലയത്തില്‍ കുടുങ്ങിപ്പോയിട്ടുണ്ട്‌. ജോണ്‍ മരിച്ചപ്പോള്‍ 40ഓളം ജോണുമാര്‍ നഗരത്തില്‍ ഇറങ്ങിയിരുന്നു. സിനിമയുടെ കാര്യത്തിലും ജീവിതത്തിലും, ജോണ്‍ ഒരിക്കലും എനിയ്‌ക്ക്‌ മാതൃകയായിട്ടില്ല. എന്നാലും ചില നല്ല വശങ്ങള്‍ ഞാന്‍ സ്വീകരിച്ചിട്ടുണ്ട്‌.
പിന്നീട്‌ എപ്പോഴാണ്‌ 'തിരക്കഥാകൃത്തിന്റെ' വേഷം അണിയേണ്ടി വരുന്നത്‌?

ദിലീപ്‌ നായകനായ സാമൂഹ്യപാഠത്തിനാണ്‌ പിന്നീട്‌ ഞാന്‍ തിരക്കഥ എഴുതിയത്‌. ആ പ്രൊജക്‌ടിലേക്ക്‌ ഞാന്‍ വഴിതെറ്റി വന്നു എന്നു പറയുന്നതാകും ശരി. ഞാന്‍, ഇന്‍സ്റ്റിറ്റിയൂട്ടിലെ സുഹൃത്തായ ക്യാമറാമാന്‍ ജെയിന്‍ ജോസഫ്‌, മരിച്ച സുധീര്‍, സുഹൃത്ത്‌ നന്ദകുമാര്‍ കാവില്‍ എന്നിവര്‍ ചേര്‍ന്ന്‌ ഒരു നല്ല സിനിമ ഒരുക്കാന്‍ ഇറങ്ങിയ കാലം. വാണിജ്യപ്രാധാന്യമുള്ള നല്ല ചിത്രം- അതായിരുന്നു പ്ലാന്‍. അന്ന്‌ മാര്‍ക്കറ്റുള്ള ജയറാമിനെയും ആനിയേയും ബുക്ക്‌ ചെയ്‌തു. കൈതപ്രം-രവീന്ദ്രന്‍ ടീമിന്റെ 5 പാട്ടുകള്‍ ചിത്രത്തിനുവേണ്ടി ചിട്ടപ്പെടുത്തി.
ആ ചിത്രത്തിന്റെ പൂജ കഴിഞ്ഞ്‌ മദ്രാസില്‍ നിന്ന്‌ തിരിച്ചുവരുമ്പോള്‍ സുഹൃത്തായ സുരേന്ദ്രനെ കണ്ടുമുട്ടി. സുരേന്ദ്രന്‍ സ്വന്തം ചിത്രത്തിന്റെ പൂജ കഴിഞ്ഞാണ്‌ വരുന്നത്‌. കുറച്ച്‌ കാലങ്ങള്‍ക്ക്‌ ശേഷം സുരേന്ദ്രനെ വീണ്ടും കണ്ടുമുട്ടി. ബഡ്‌ജറ്റ്‌ നീണ്ടു പോയതിനാല്‍ നഷ്‌ടം സഹിച്ച്‌ സ്വന്തം പ്രൊജക്‌ട്‌ ഉപേക്ഷിച്ചതായി സുരേന്ദ്രന്‍ പറഞ്ഞു. ഒരു ലൊക്കേഷനില്‍ തീര്‍ക്കാന്‍ പറ്റിയ കഥയുണ്ടെങ്കില്‍ ഒരു ചിത്രം ചെയ്യാമെന്ന്‌ സുരേന്ദ്രന്‍ ഓഫര്‍ ചെയ്‌തു. അങ്ങനെയാണ്‌ സമ്പത്ത്‌ മോഹിച്ച്‌ ആള്‍മാറാട്ടം നടത്തി പെട്ടുപോകുന്ന യുവാവിന്റെ കഥ പറയുന്ന സാമൂഹ്യപാഠത്തില്‍ ഞങ്ങള്‍ എത്തിയത്‌.
സാമൂഹ്യപാഠം രചനയിലും അവതരണത്തിലും ഏറെ ലൈറ്റായ ചിത്രമായിരുന്നു. എങ്ങനെ ആ സാഹചര്യത്തില്‍ അഡ്‌ജസ്റ്റ്‌ ചെയ്‌തു...? ആ ചിത്രവും സൗഹൃദങ്ങളുടെ കൂട്ടായ്‌മയില്‍ പിറന്ന ചിത്രമായിരുന്നു. കഥ കിട്ടിയപ്പോള്‍ എന്റെ സുഹൃത്തായ കരിം സംവിധായകനായി വന്നു. രണ്ടാം നിരക്കാരില്‍ അന്ന്‌ മാര്‍ക്കറ്റുള്ള നടന്‍ പ്രേംകുമാറായിരുന്നു. സുകുമാരി, രാജന്‍. പി. ദേവ്‌ തുടങ്ങി നേരത്തെ അഡ്വാന്‍സ്‌ കൊടുത്ത താരങ്ങളെ ചേര്‍ത്തുള്ള ആലോചനയില്‍ നിന്നാണ്‌ സാമൂഹ്യപാഠത്തില്‍ എത്തിച്ചേര്‍ന്നത്‌.
അന്ന്‌ ദിലീപ്‌ നായകനായിട്ടില്ല. ദിലീപിന്റെ പ്രതിഫലത്തുകയേക്കാള്‍ ഇരട്ടിയായിരുന്നു പ്രേംകുമാറിന്റെ പ്രതിഫലം. ചിത്രത്തിന്റെ തിരക്കഥയിലേക്ക്‌ ദിലീപിന്റെ ഒരുപാട്‌ സഹായം കിട്ടിയിരുന്നു. എല്ലാകാര്യത്തിലും ചങ്കൂറ്റമുള്ള നടനായിരുന്നു ദിലീപ്‌. 35 ലക്ഷം രൂപയ്‌ക്ക്‌ ആ ചിത്രത്തിന്റെ ഫസ്റ്റ്‌ കോപ്പി ഇറക്കാന്‍ കഴിഞ്ഞു.
നീണ്ട ഇടവേള പിന്നിട്ട ജോയ്‌ മാത്യു ഒരുക്കുന്ന പുതിയ ചിത്രത്തെക്കുറിച്ച്‌? ഒരു ഗ്ലോബല്‍ പ്രോബ്ലമാണ്‌ എന്റെ പുതിയ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്‌. എല്ലാ രാജ്യക്കാരും ഒത്തുചേരുന്ന ചില സ്ഥലങ്ങളുണ്ട്‌. അവരുടെ പ്രശ്‌നങ്ങള്‍ക്കെല്ലാം സാമ്യതകളും കാണാം. അതിന്റെ ചില തലങ്ങളിലൂടെയാണ്‌ ഈ ചിത്രം കടന്നുപോകുന്നത്‌.
കൊമേഴ്‌സ്യല്‍ സിനിമയുടെ ചട്ടക്കൂടിനുപുറത്തുനിന്നാണ്‌ ഞാന്‍ ഈ ചിത്രം ചിന്തിക്കുന്നത്‌. അവതരണത്തിലെ ആ നവതരംഗം തമിഴകത്ത്‌ കടന്നുവന്നിട്ടുണ്ട്‌. മലയാളത്തിലും അതിനേറെ സാധ്യതയുണ്ട്‌. സംവിധായകന്റെ ജോലി, കിട്ടിയ സാധനങ്ങള്‍ അടുക്കിവയ്‌ക്കുക മാത്രമല്ല. ണമ്യ ീള ലഃുൃലശൈീി; അതാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌. അത്‌
അര്‍ത്ഥപൂര്‍ണമാക്കാനുള്ള ശ്രമത്തിലാണ്‌ ഞാന്‍. ദുബായ്‌ ജീവിതം ഈ ചിത്രത്തിന്‌ പിന്‍ബലമായിട്ടുണ്ട്‌.

ഏറെ വിപ്ലവ ചിന്ത മനസ്സില്‍ സൂക്ഷിച്ച കലാകാരന്‍, ജീവിതത്തില്‍ കെട്ടിയ വ്യത്യസ്‌ത വേഷങ്ങള്‍.... എങ്ങനെ ഇവയോടെല്ലാം പൊരുത്തപ്പെട്ടുപോകുന്നു.?

എന്നെ സംബന്ധിച്ചിടത്തോളം എവിടെയും ഉറച്ച്‌ നില്‍ക്കാന്‍ കഴിയാറില്ല. സജീവ രാഷ്‌ട്രീയ പ്രവര്‍ത്തനത്തില്‍നിന്ന്‌ കൂട്‌ വിട്ട്‌ പോയവനാണ്‌ ഞാന്‍. പൂനയില്‍ പോയി സിനിമ പഠിച്ചു... ബോംബെ...ഡല്‍ഹി... തിരിച്ച്‌ കോഴിക്കോട്ട്‌ വന്നു. വീണ്ടും നാടകപ്രവര്‍ത്തനവുമായി സജീവമായി... എഴുത്തും പുസ്‌തകങ്ങളുമായി കുറേ കാലം മല്ലടിച്ചു... ജീവിതം തീര്‍ത്ത മാനസിക സംഘട്ടനങ്ങളില്‍ കൂട്ടുകാരില്‍ പലരും, മരണത്തിലേക്കും വിഭ്രാന്തിയിലും അഭയം തേടി. സാമ്പത്തിക നഷ്‌ടത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്യാന്‍ ഞാന്‍ തയ്യാറായില്ല. ജോലി ചെയ്യാനുള്ള ഒരു മനസ്സുണ്ടായിരുന്നു. അതായിരുന്നു എന്റെ ബലം. ഇന്ന്‌ തികച്ചും സമാധാനപരമായ അന്തരീക്ഷത്തിലാണ്‌ ഞാന്‍. ഇവിടെയും ഒന്നും ശാശ്വതമല്ല. ഏത്‌ നിമിഷവും മാറാം. തല്‍ക്കാലം ഈ അന്തരീക്ഷത്തെ ആസ്വദിക്കുകയാണ്‌ ഞാന്‍. ജോയ്‌ മാത്യു ഇപ്പോള്‍ ദുബായില്‍ മിഡില്‍ ഈസ്റ്റ്‌ അമൃത ന്യൂസിന്റെ റീജിയണല്‍ ചീഫാണ്‌.

ജോയ്‌ മാത്യു-ജീവിതരേഖ
ചാലിശ്ശേരിയില്‍ ജനനം. കോഴിക്കോട്ടും മുംബൈയിലുമായി വിദ്യാഭ്യാസം. സ്‌കൂള്‍, കോളേജ്‌ ജീവിതത്തില്‍ കലാപ്രവര്‍ത്തനവും സാമൂഹിക പ്രവര്‍ത്തനവും തുടങ്ങി. സര്‍വ്വകലാശാലയില്‍ മൂന്നുതവണ മികച്ച നടന്‍ എന്ന ബഹുമതി നിലനിര്‍ത്തി. കേരളത്തില്‍ കാമ്പസ്‌ തീയറ്റര്‍ പ്രസ്ഥാനത്തിന്റെ രൂപീകരണത്തില്‍ പങ്കുവഹിച്ചു. ജനകീയ സാംസ്‌കാരിക വേദി പ്രവര്‍ത്തനങ്ങളിലൂടെ നാടക വേദിയിലെ പുത്തന്‍ പ്രവണതകളെ അടുത്തറിയാന്‍ ശ്രമിച്ചു. അമ്മ, സ്‌പാര്‍ട്ടക്കസ്‌, കലിഗുല, ഭാസ്‌കരപട്ടേലരും തൊമ്മിയുടെ ജീവിതവും എന്നീ നാടകങ്ങളാണ്‌ അഭിനയിച്ചവയില്‍ ശ്രദ്ധേയം.
ജോണ്‍ അബ്രഹാമിന്റെ 'അമ്മ അറിയാന്‍' എന്ന ജനകീയ സിനിമയില്‍ മുഖ്യ വേഷം ചെയ്‌തു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത 'ഉയര്‍ത്തെഴുന്നേല്‌പ്‌' എന്ന ടെലിഫിലിം നിര്‍മ്മിച്ചു. ഇരുപതോളം നാടകങ്ങള്‍ക്കും രണ്ട്‌ ചലച്ചിത്രങ്ങള്‍ക്കും തിരക്കഥ നിര്‍വ്വഹിച്ചു.
കേരള സാഹിത്യഅക്കാദമി, കേരള സംഗീത നാടക അക്കാദമി, ഇടശ്ശേരി അവാര്‍ഡ്‌, ടി.ആര്‍. സുകുമാരന്‍ നായര്‍ അവാര്‍ഡ്‌, സ്വാതിതിരുനാള്‍ അവാര്‍ഡ്‌, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്‌ അവാര്‍ഡ്‌, സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ ലിറ്റററി അവാര്‍ഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്‌. ഇപ്പോള്‍ ദുബായില്‍ അമൃത ടി.വി. മിഡില്‍ ഈസ്റ്റ്‌ (ന്യൂസ്‌) റീജിയണല്‍ ചീഫായി ജോലി ചെയ്യുന്നു.
ഭാര്യ-സരിത
മക്കള്‍-മാത്യു ജോയ്‌മാത്യു, ആന്‍ എസ്‌തര്‍, ടാന്യ
പ്രധാന കൃതികള്‍
ശിശു, മധ്യധരണ്യാഴി
ആധുനിക നാടകങ്ങള്‍ ഭാഗം2
ചിലി 73 (പരിഭാഷ)
രക്ത തബല, സങ്കടല്‍
Mathrubhoomi/chithraboomi/2008

4 comments:

ഏറനാടന്‍ said...

തന്നെപ്പൊക്കി കൊള്ളാം. അമ്മ അറിയാനിലെ ജോയ് മാത്യു ചെയ്ത നായകനെ അറിയുവാന്‍ സാധിച്ചതില്‍ സന്തോഷം..

എന്റെ വീട്‌ said...

ജോണിന്റെയോ ശ്യാമപ്രസാദിന്റെയോ
നായകന്മാരെയെനിക്കറിയില്ല.
എന്നാൽ സങ്കടലിന്റെ കർത്താവിനെ
എനിയ്ക്കറിയാം.96-98 കാലഘട്ടത്തിൽ
ഹോസ്റ്റലിലെ
റീഡിംഗ്‌ റൂമിൽ ആഴ്ച തോറും സങ്കടലിന്റെ
വരവിനായി കാത്തിരുന്നത്‌
ഓർമ്മയുണ്ട്‌ ഞാൻ മാത്രമല്ല
വി.എസ്സ്‌.എസ്സ്‌.സി.യിലും മറ്റും ജോലി
ചെയ്തിരുന്ന പലരും .ആഴ്ചപ്പതിപ്പിന്റെ
പേരോ കർത്താവിന്റെ പേരോ ഓർത്തിരുന്നില്ല.എന്നാൽ
ആ ഭാഷയും അന്തരീക്ഷവും മനസ്സിൽ
സൃഷ്ടിച്ച പ്രത്യേകാനുഭവം ഇപ്പോഴും
ഓർക്കാൻ കഴിയുന്നു.

Joy Mathew said...

എന്‍റെ വീടിന്, നന്ദി.
സങ്കടല്‍ കഴിഞു രക്ത തബലയുണ്ടായി(മാധ്യമം)
പിന്നെ വീടുകള്‍ കത്തുന്നതും(പച്ചക്കുതിര മാസിക)
(എന്‍റെ വീട് കത്താതിരിക്കട്ടെ എന്നാശംസിക്കുന്നു

ഓലപ്പടക്കം said...

ഇന്നലെയാണ് അമ്മ അറിയാന്‍ കണ്ടത്, സുഹൃത്ത് തന്ന ലിങ്കിലൂടെ ഇവിടെ എത്തി. താങ്കളോട് മാത്രമല്ല, താങ്കളുടെ തലമുറയോട് തന്നെ അസൂയ കലര്‍ന്ന ബഹുമാനമാണ്. ഇന്നത്തെ യുവത്വത്തിന് നഷ്ടപ്പെട്ട പലതും അനുഭവിക്കാന്‍ ഭാഗ്യം ലഭിച്ചവര്‍.